Sunday, July 1, 2012

ഒരു പാസ്സിംഗ് ഒൗട്ട് പരേഡും പഴയൊരു സ്കൗട്ട് ഓര്‍മയും


പോലീസ് പരിശീലനത്തിന് നമ്മുടെ  കൊച്ചു കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അക്കാദമിയുണ്ട്.അക്കാദമികളുടെ നഗരമായ കേരളത്തിന്‍െറ സാംസ്കാരിക തലസ്ഥാനത്തെ ഈ സ്ഥാപനം എന്ത് കൊണ്ടും കേരളത്തിന് അഭിമാനമാക്കാവുന്ന ഒന്നാണ്.തൃശൂരിലെ രണ്ടാം വട്ടം പത്രപ്രവര്‍ത്തനത്തിന് വന്നപ്പോള്‍ പലതവണ അവിടം സന്ദര്‍ശിക്കാനവസരമുണ്ടായി.വര്‍ഷത്തിലെ 365 ദിവസവും വിവിധങ്ങളായ നിരവധി പരിശീലനങ്ങളാണ് ഈ അക്കാദമിയില്‍ നടന്ന് വരുന്നത്.കേരളത്തിലെ മാത്രമല്ല ലക്ഷ ദ്വീപ് ,പോണ്ടിച്ചേരി തുടങ്ങിയിടങ്ങളില്‍ നിന്നുമുള്ള കോണ്‍സ്റ്റബിള്‍മാര്‍ക്കും സബ് ഇന്‍സ്പെക്ടര്‍ക്കും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഒക്കെ കേരള പോലീസ് അക്കാദമിയില്‍ പരീശീലനം നല്‍കി വരുന്നുണ്ട്.ഇവരുടെ  പാസ്സിംഗ് ഒൗട്ട് പരേഡ് നിറപ്പകിട്ടാര്‍ന്നൊരു ചടങ്ങാണ്.കൊച്ചുവെളുപ്പാന്‍ കാലത്ത് ചൂട്ടും കത്തിച്ച് വേണമല്ളോ ഈ പരിപാടിക്ക് പോകാനെന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമ സുഹൃത്ത് തമാശയായി പറയുകയുണ്ടായി.കാര്യം ശരിയാണ്.അതി രാവിലെയാണ് പാസ്സിംഗ് ഒൗട്ട് പരേഡ് നടക്കാറുള്ളത്.മുഖ്യ മന്ത്രി, ആഭ്യന്തര മന്ത്രി,ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ തുടങ്ങിയവരാണ് മിക്കവാറും മുഖ്യാതിഥികളായി എത്താറുള്ളത്.മാസങ്ങള്‍ നീണ്ട് നിന്ന പരിശീലനം പൂര്‍ത്തിയാക്കി അക്കാദമിയില്‍ നിന്നും പുറത്തിറങ്ങുന്നവരെ സംബന്ധിച്ചിടത്തോളം അന്ന് ജീവിതത്തിലെ അവിസ്മരണീയദിനങ്ങളിലൊന്നാണ്.തങ്ങളുടെ പ്രിയപ്പെട്ടവര്‍ രാഷ്ട്ര സേവനത്തിനായി തെരെഞ്ഞെടുക്കപ്പെടുന്നത് കാണാനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും വളരെ ദൂരെ നിന്ന് വരെ രാമവര്‍മപുരത്തെ പോലീസ് അക്കാദമിയിലത്തെും.തലേന്നേ വണ്ടി പിടിച്ച് എല്ലാവരും ചേര്‍ന്ന് ആഘോഷമായൊരു യാത്രയാണ്.മിക്കവാറും എല്ലാ രജിസ്ട്രേഷനിലുമുള്ള വാഹനങ്ങള്‍ അന്നേ ദിവസം അക്കാദമി പരിസരത്ത് കാണാം.
  കഴിഞ്ഞ ദിവസവും ഒരു പാസ്സിംഗ് ഒൗട്ട് ഉണ്ടായിരുന്നു.ചടങ്ങിന് മാധ്യമപ്രവര്‍ത്തകരെ അങ്ങേയറ്റം സന്തോഷത്തോടെയാണ് അക്കാദമി സ്വീകരിക്കുന്നത്.പ്രസ്  ക്ളബിലെ മെയില്‍ ലിസ്റ്റില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ക്ഷണക്കത്തുണ്ടാകും.റിപ്പോര്‍ട്ടര്‍മര്‍ക്കാകട്ടെ എത് ബാച്ചിന്‍െറ പരിശീലനമാണ് പൂര്‍ത്തിയായതെന്നും എന്തൊക്കൊ പരിശീലനമാണ് നല്‍കിയതെന്നുമൊക്കൊയുള്ള സമസ്ത വിവരങ്ങളും അടങ്ങിയ പ്രസ് നോട്ട് പ്രത്യേകമായി നല്‍കുകയും ചെയ്യാറുണ്ട്.ഇതിലടങ്ങിയ സേനാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത മിക്കവാറും ഒരു സൈഡ് സേ്റ്റാറിക്ക് വക നല്‍കാറുമുണ്ട്.നിലവില്‍ നടന്ന് വരുന്ന മറ്റ് പരിശീലനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാകട്ടെ ജേര്‍ണലിസ്റ്റുകള്‍ക്ക് ഫയലില്‍ സൂക്ഷിച്ച് പിന്നീട് പ്രയോജനപ്പെടുത്താനുമാകും.അവസാനം നടന്ന പരേഡില്‍ സല്യൂട്ട് സ്വീകരിച്ചത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂരായിരുന്നു.ടി.പി.ചന്ദ്രശേഖരന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമലോകം അങ്ങേയറ്റം ജാഗ്രതയോടെ നിലകൊള്ളുന്ന നാളുകളായതിനാല്‍ എല്ലാപത്രപ്രവര്‍ത്തകരിലും ഒരു റെഡ് അലര്‍ട്ടിന്‍െറ ഭാവമാണിപ്പോഴുള്ളത്.
എല്ലാ പാസ്സിംഗ് ഒൗട്ട് പരേഡിന്‍െറ അന്നും പത്രക്കാരെ കൃത്യമായി  അക്കാദമിയിലത്തെിക്കാനും തിരിച്ചുകൊണ്ടാക്കാനും വേണ്ടി പ്രത്യേകമായി വാഹന സൗകര്യമേര്‍പ്പെടുത്താറുണ്ട്.അക്കാമിയിലെ പോലീസ് ഉദ്യോഗസ്ഥനായ ഇടുക്കി ജില്ലക്കാരനായ  റസാഖിനെയാണ് അതിനുള്ള ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്..എന്നാല്‍ പലരും ഈ സൗകര്യത്തെ ആശ്രയിക്കാതെ  സ്വന്തം വാഹനത്തില്‍ നേരിട്ട് അക്കാദമിയില്‍ എത്തും.അതിനാല്‍ പ്രസ് ക്ളബില്‍ നിന്ന് വാഹനം പുറപ്പെടുമ്പോള്‍ പലപ്പോഴും ആളുകള്‍ കുറവായിരിക്കും.എന്നിരുന്നാലും അദ്ദേഹം കൃത്യമായി ഞങ്ങളെ കൊണ്ടു പോകാനൊത്താറുണ്ട്.അക്കാദമിയിലെ  പാസ്സിംഗ് ഒൗട്ടിനെ കുറിച്ച് പറയാനാണെങ്കില്‍ അങ്ങനെ ഒരു പാടുണ്ട്.
പോലീസിലേക്ക് കടന്ന് വരുന്നവര്‍ പാസ്സിംഗ് ഒൗട്ട് ദിനത്തിലെടുക്കുന്ന പ്രതിഞ്ജ കേവലം കേള്‍ക്കാനിമ്പമുള്ള  മനോഹരവാചകങ്ങള്‍ങ്ങള്‍ മാത്രമല്ല.ഒരു ജനാധിപത്യ രാജ്യത്തിന്‍െറ ആരോഗ്യകരമായ നില നില്‍പ്പിനാവശ്യമായ ഘടകങ്ങളിലൊന്നായ മാറുന്നതിലൂടെ അവരില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത് അതിമഹത്തായ ദൗത്യമാണ്
ക്രമസമാധാനം കാത്ത് സൂക്ഷിക്കുക വഴി പോലീസ് സമൂഹത്തിനാകമാനം സുരക്ഷതിത്വ ബോധമാണ് പ്രദാനം ചെയ്യുന്നത്.പോലിസിന്‍െറ വിശ്വാസ്യതയാണ് പരമപ്രധാനമെന്ന സന്ദേശമാണ് ഇക്കുറി സല്യൂട്ട് സ്വീകരിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കാനുണ്ടായിരുന്നത്.അക്കാദമിയിലെ പരിശീലന പരിപാടികള്‍ എല്ലാം തന്നെ ആധുനികവും ശാസ്ത്രീയവുമായ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ളതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.തിരുവനന്തപുരം തൈക്കാട്ടെ പോലീസ് ട്രയിനിങ്ങില്‍ വര്‍ഷങ്ങളായി നടന്ന് വരുന്ന കാലഹരണപ്പെട്ട അശാസ്ത്രീയത നിറഞ്ഞ പരിശീലനത്തെ പരാമര്‍ശിച്ച് ഞാന്‍ അഞ്ച് ദിവസം നീണ്ട് നിന്ന ഒരു പരമ്പര തയ്യാറാക്കിയിരുന്നു.തൃശൂരിലെ പോലീസ് അക്കാദമി എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുന്നതോടെ ഒരു പരിധി വരെ പ്രശ്ന പരിഹാരമാകുമെന്ന് അതില്‍ എടുത്ത് പറഞ്ഞിരുന്നു.സുശക്തമായൊരു പോലീസ് സേനയെ വാര്‍ത്തെടുക്കാന്‍ വേണ്ടുന്ന നിര്‍ദേശങ്ങളടങ്ങിയ ‘മാധ്യമ’ത്തില്‍ പ്രസിദ്ധീകരിച്ച ആ പരമ്പരയുടെ  കോപ്പി എന്നോട് അന്നത്തെ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ശ്രീ.രാധാകൃഷ്ണന്‍ നേരിട്ട് ആവശ്യപ്പെടുകയുണ്ടായി.വഴുതക്കാട്ടെ പോലീസ് ആസ്ഥാനത്ത് ചെന്ന് ഞാന്‍ അത് കൈമാറുകയും പെയ്തു.അതിന്മേല്‍ എന്തെങ്കിലും തുടര്‍ നടപടിയുണ്ടായോ ഇല്ലയോയെന്നെനിക്കറിയില്ല.എന്ത് തന്നെയായാലും രാമവര്‍മപുരത്തെ  കേരള പോലീസ് അക്കാദമിയില്‍ മികച്ച പരീശീലനം തുടരുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നുന്നു.അതിന്‍െറ പേരില്‍ ഞാനൊരു പൊടി അഹങ്കരിച്ചാല്‍ തന്നെ ആരും അങ്ങനെയങ്ങ് കുറ്റം പറയില്ളെന്നൊരു തോന്നലുണ്ട് താനും.
 ട്രയിനിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കിയ കൊച്ചുമകനെ ആശിര്‍വദിക്കുന്ന മുത്തശ്ശിയുടെ ചിത്രമാണ് ഞങ്ങളുടെ ഫോട്ടോഗ്രാഫര്‍ ബിജു കാമറയില്‍ പകര്‍ത്തിയത്.മാര്‍ച്ച് പാസ്റ്റ് നടക്കവെ യൂണിഫോമിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ തെരഞ്ഞ്  കണ്ട് പിടിക്കാന്‍ ശ്രമിച്ച് വിജയിക്കുമ്പോള്‍ പലരുമനുഭവിക്കുന്ന സന്തോഷം കണ്ടപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ഒരു സംഭവം ഓര്‍മയില്‍ വന്നു.എന്‍െറ പ്രിയപ്പെട്ട മുത്തശ്ശനുമായി ബന്ധപ്പെട്ട ആ സംഭവം അനുസ്മരിക്കുന്നതിനാല്‍ ഞാന്‍ ഈ കുറിപ്പ് തീര്‍ച്ചയായും പോസ്റ്റ് ചെയ്യേണ്ടത് ‘അച്യുതം’ എന്ന എന്‍െറ ബ്ളോഗിലാണെന്ന് തിരിച്ചറിയുന്നു.ഞാനന്ന് പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂളില്‍ ഏഴാം ക്ളാസിലാണ് പഠിക്കുന്നത്.ഭാരത് സ്കൗട്ട്സ് ഞങ്ങളുടെ സ്കൂളില്‍ സജീവമായിരുന്നു.പെരുമ്പാവൂര്‍ നഗരത്തില്‍ സ്കൗട്ട് ക്യാമ്പിന്‍െറ ഭാഗമായി ഞങ്ങളുടെ ഒരു മാര്‍ച്ച് പാസ്റ്റ് നടക്കുകയാണ്.ലീഡറുടെ ലഫ്റ്റ്്്... റൈറ്റ്...  കമാന്‍റിന് ചുവടൊപ്പിച്ച് ഞാനടക്കമുള്ളവര്‍ ഏന്തി വലിഞ്ഞ് നടക്കുകയാണ്.പൊടുന്നനെ പിന്നിലൊരു കനത്ത ശബ്ദം.‘നിവര്‍ന്ന് നടക്കടാ...........’.ആരാണിങ്ങനെ പരസ്യമായി ശാസിച്ചതെന്നറിയാനായി പിന്തിരിഞ്ഞ് നോക്കിയപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി.കുട നിലത്ത് കുത്തിനിന്ന് ഖദര്‍ വസ്ത്രത്തില്‍ എന്‍െറമുത്തശ്ശനങ്ങനെ നിന്ന് പൊട്ടിച്ചിരിക്കുകയാണ്.ഭയത്തോടെ അതിലേറെ അത്ഭുതത്തോടെ മാര്‍ച്ച് പാസ്റ്റിലെ ഒരംഗമാണെന്നത് മറന്ന് ഞാനവിടെ തന്നെ നിന്നു.അത് കണ്ട് അദ്ദേഹംഎന്നോട് വേഗം മുന്നോട്ട് നടന്ന് കൊള്ളാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു.ക്യാമ്പില്‍ തിരിച്ചത്തെിയിട്ടും എനിക്ക് ഒരു തരം അമ്പരപ്പായിരുന്നു.ചുരുങ്ങിയത് അഞ്ഞൂറിലേറെ വരുന്ന യൂണിഫോം ധാരികളില്‍ നിന്ന് മുത്തശ്ശന്‍ എങ്ങനെ എന്നെ ഇത്ര കൃത്യമായി പെറുക്കിയെടുത്തു?.എതാണ്ട് മൂന്നരപ്പതിറ്റാണ്ട് കഴിഞ്ഞുവെങ്കിലും സുഭാഷ് മൈതാനത്തിന്‍െറ മുന്നിലെ റൗണ്ടിനടുത്തായി നടന്ന സംഭവം എനിക്കിന്നലെ കഴിഞ്ഞത് പോലെ തോന്നിക്കുന്നു.
 അക്കാദമി  ഗ്രൗണ്ടില്‍ നടക്കുന്ന പരേഡ്  കാണാനായി എത്തിയ  ബന്ധുക്കളുടെ ചെറുസംഘങ്ങളെ ഇത്തവണയും കാണാനായി.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ഒരു ഡോക്യുമെന്‍റിയിലെ ഹൃദയ സ്പര്‍ശിയായൊരു രംഗം അപ്പോള്‍ മനസ്സിലറിയാതെ തെളിഞ്ഞു വന്നു.ഉത്തര കര്‍ണാടകയിലെ ബെല്‍ഗാമിലെ പട്ടാള ക്യാമ്പിന്‍െറ പശ്ചാത്തലത്തിലുള്ളതായിരുന്നു ആ ഡോക്യുമെന്‍റി.സൈന്യത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട ഏട്ടന്‍െറ തൊപ്പി അഭിമാന പൂര്‍വം കൈയ്യിലേന്തിയ പെണ്‍കുട്ടിയെ കാമറ അറിയാതെ പകര്‍ത്തിയെടുക്കുകയായിരുന്നു.പ്രശസ്ത കന്നട തിരക്കഥാകൃത്തും സംവിധായകനുമായ വസന്ത് മെകാഷി ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഒരുക്കിയതായിരുന്നു ആ ചിത്രം.

No comments:

Post a Comment